04:47pm 10 November 2026
NEWS
വിപ്ലവ മണ്ണിലേക്ക് വിഎസ്
23/07/2025  07:51 AM IST
nila
വിപ്ലവ മണ്ണിലേക്ക് വിഎസ്

ജനസാ​ഗരത്തെ സാക്ഷിയാക്കി മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ വിലാപയാത്ര ആലപ്പുഴ ലക്ഷ്യമാക്കി നീങ്ങുന്നു. ഇന്നലെ ഉച്ചക്ക് രണ്ടുമണിക്ക് സെക്രട്ടറിയേറ്റിലെ ദർബാർ ഹാളിൽ നിന്നും ആരംഭിച്ച വിലാപ യാത്ര മണിക്കൂറുകൾ എടുത്താണ് ആലപ്പുഴയിൽ പ്രവേശിച്ചത്. ഇന്നലെ വൈകിട്ടോടെ വിലാപയാത്ര കൊല്ലം ജില്ലയിൽ പ്രവേശിക്കുമെന്നും രാത്രിയോടെ ആലപ്പുഴയിൽ എത്തുമെന്നുമായിരുന്നു മുൻധാരണ. എന്നാൽ, രാത്രി വളരെ വൈകിയാണ് വിലാപയാത്ര കൊല്ലം ജില്ലയിൽ പ്രവേശിച്ചത്. തുടർന്ന് ഇന്നു രാവിലെ ഏഴരയോടെ ആലപ്പുഴ ജില്ലയിലും പ്രവേശിച്ചു. വി എസ് അച്യുതാനന്ദന്റെ രാഷ്ട്രീയ ജീവിതത്തിലെ ആദ്യനാളുകളിലെ കർമ്മമണ്ഡലത്തിലൂടെയാണ് ഇനിയുള്ള യാത്ര. 

ശക്തമായ മഴയെ അവഗണിച്ചും പ്രിയസഖാവിനെ ഒരുനോക്കുകാണാനായി നൂറുകണക്കിന് ആളുകളാണ് ദേശീയപാതയുടെ ഇരുവശങ്ങളിലും കാത്തുനിന്നത്.  തിരുവനന്തപുരത്തുനിന്ന് ആലപ്പുഴ പുന്നപ്രയിലേക്ക് ഏകദേശം 151 കിലോമീറ്ററാണ് ദൂരം. എന്നാൽ, വഴിയിലുടനീളം ജനസാഗരം തന്നെ അന്തിമോപചാരം അർപ്പിക്കാൻ കാത്തുനിൽക്കുന്നതിനാൽ വിലാപയാത്ര മുൻനിശ്ചയിച്ചതിലും വളരെ വൈകിയാണ് സഞ്ചരിക്കുന്നത്. 

പുന്നപ്രയിലെ വീട്ടിൽനിന്ന് ആലപ്പുഴ ജില്ലാ കമ്മറ്റി ഓഫീസിലേക്ക് കൊണ്ടുപോകുന്ന മൃതദേഹം അവിടെ പൊതുദർശനത്തിന് വെക്കും. തുടർന്ന് ആലപ്പുഴ പോലീസ് റിക്രിയേഷൻ ഗ്രൗണ്ടിലും പൊതുദർശനമുണ്ടാകും. വൈകീട്ട് വലിയചുടുകാട്ടിലാണ് സംസ്‌കാരം.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img